Pages

Blogger Widgets http://www.msmhealthclub.blogspot.com

Wednesday 30 May 2012

മസ്തിഷ്കാഘാതം (Brain Stroke)

രക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നതുമായ മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ (ചിലപ്പോൾ വ്യാപകവും) പ്രവർത്തനത്തകരാറിനെയാണു മസ്തിഷ്കാഘാതം (Cerebrovascular Accident; CVA) അഥവാ സ്ട്രോക്ക് (Stroke) എന്ന് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത് [1]. 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള അവസ്ഥയേയും, അതല്ല ഇനി ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും അതേസമയം തലച്ചോറിന്റെ സ്കാൻ ചിത്രത്തിൽ രോഗചികിത്സാപരമായി പ്രാധാന്യമുള്ള ഒരു ക്ഷതം (lesion) ദൃശ്യമാകുകയും ചെയ്യുന്നുവെങ്കിൽ അതിനെയും മസ്തിക്ഷാകാഘാതമായി നി‌‌ർവചിക്കാം എന്നാണു നിലവിലെ വൈദ്യശാസ്ത്ര സമവായം[2].
തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടവ് സംഭവിക്കുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തന്മൂലം മസ്തിഷ്കകലകൾക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ഇതിനെത്തുടർന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകൾമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക, വിവിധപ്രവർത്തികൾ ചെയ്യാൻ പറ്റായ്‌‌ക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചിലത് രോഗിയിൽ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകൽ, അപസ്മാരം (ജന്നി),തലവേദന എന്നിവയും ലക്ഷണങ്ങളിലുൾപ്പെടാം[1].
മസ്തിഷ്കാഘാതത്തെ അടിയന്തരമായ കാരണത്തിന്റെ അടിസ്ഥാനത്തിൽ ഇസ്കീമിക മസ്തിഷ്കാഘാതം (Ischemic Stroke), രക്തസ്രാവ മസ്തിഷ്കാഘാതം (Hemorrhagic Stroke) എന്നിങ്ങനെ രണ്ടു വിശാല സംവർഗങ്ങളാക്കി തിരിച്ചിരിക്കുന്നു. മസ്തിഷ്കഭാഗങ്ങളിലേക്കുള്ള രക്തധമനികളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന രക്തചംക്രമണലംഘനമാണു ഇസ്കീമിക മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്നത്. മസ്തിഷ്‌‌ക മൃദൂതകത്തിനുള്ളിലെ ധമനികളോ മസ്തിഷ്കാവരണങ്ങളോട് ചേർന്നുള്ള അവാരാക്‌‌നോയിഡ് (Subarachnoid) ധമനികളോ സ്വയമേവ പൊട്ടി രക്തസ്രാവമുണ്ടാകുന്നാതിലൂടെയാണു രക്തസ്രാവ മസ്തിഷ്കാഘാതം സംഭവിക്കുക. തലയ്ക്കുണ്ടാകുന്ന ക്ഷതമോ തലയോട്ടി പൊട്ടലോ കൊണ്ട് സംഭവിക്കുന്ന മസ്തിഷ്കരക്തസ്രാവത്തെ മസ്തിഷ്കാഘാതമായി കണക്കാക്കുകയില്ല[3].
മസ്തിഷ്കത്തിലോ ദൃഷ്ടിപടലത്തിലോ (retina) സംഭവിക്കുന്ന കേന്ദ്രീകൃതമായ പ്രശ്നങ്ങൾ മൂലം നാഡീവ്യവസ്ഥയിൽ കാണുന്ന ക്ഷണികമായ തകരാറുകളെ ക്ഷണിക ഇസ്കീമിക ആഘാതം (Transient Ischemic Attack, ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്ക്) അഥവാ "ടിഐഏ" (TIA) എന്ന് വിളിക്കുന്നു. മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങളുമായി അടുത്ത സാമ്യം കാണിക്കുന്നുവെങ്കിലും സ്കാൻ ചിത്രങ്ങളിലൊന്നും ഇൻഫാർക്ഷന്റെ (രക്തചംക്രമണലംഘനം) സൂചനകൾ അവശേഷിപ്പിക്കാതെ ഏകദേശം 1 മണിക്കൂറിനുള്ളിൽ തന്നെ നാഡീലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നു എന്നതാണു ടിഐഏയുടെ പ്രത്യേകത[4]. ക്ഷണിക ഇസ്കീമിക ആഘാതം ഉണ്ടാകുന്ന രോഗികളിൽ അടുത്ത 90ദിവസങ്ങൾക്കുള്ളിൽ മസ്തിഷ്കാഘാതം സംഭവിക്കാനുള്ള അപകടസാധ്യത ഉയർന്നതാണു എന്നതിനാൽ ടിഐഏ മസ്തിഷ്കാഘാതത്തിന്റെ മുന്നോടിയായി കണക്കാക്കപ്പെടുന്നു[5].
മസ്തിഷ്കാഘാതത്തിന്റെ നിർവചനത്തിനുള്ളിൽ വരുന്നതെങ്കിലും പുറമേയ്ക്ക് രോഗലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നതും തലച്ചോറിന്റെ എംആർഐ സ്കാൻ (MRI) ചിത്രങ്ങളിൽ രക്തചംക്രമണലംഘനത്തിന്റെ (ഇൻഫാർക്ഷൻ) ആഘാതകേന്ദ്രങ്ങൾ കാണപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗം സ്ട്രോക്കുകളെ "നിശബ്ദ മസ്തിഷ്കാഘാത"മെന്ന് വിളിക്കുന്നു. രോഗമില്ലാത്ത വൃദ്ധരിൽ 20%ത്തോളവും രോഗമുള്ളവരിൽ 50%ത്തോളവും വരെ ആകാം "നിശബ്ദാഘാത"ത്തിന്റെ സാന്നിധ്യം. രക്താതിമർദ്ദത്തെത്തുടർന്ന് ചെറു മസ്തിഷ്കധമനികളിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായിട്ടാണു ഇവയിൽ മിക്കതുമുണ്ടാകാറ്. നിശബ്ദാഘാതങ്ങളുണ്ടാകുന്ന രോഗിയ്ക്ക് ഭാവിയിൽ പൂർണതോതിലെ മസ്തിഷ്കാഘാതങ്ങളും [സ്മൃതിനാശം|സ്മൃതിനാശവും]] (dementia) ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമാണു എന്നതിനാൽ ഇതിന്റെ വൈദ്യശാസ്ത്രപ്രാധാന്യം വലുതാണ്[6][7].
ഹൃദയാഘാതം കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മസ്തിഷ്കാഘാതത്താൽ ആണ് ലോകത്ത് മരണപ്പെടുന്നത്. 2001ൽ ലോകമാകെ മസ്തിഷ്കരക്തചംക്രമണ രോഗങ്ങൾ മൂലം 5.5ദശലക്ഷം ആളുകൾ മരണപ്പെട്ടതായാണു കണക്ക്.[8] 2004ൽ ഇത് 5.7 ദശലക്ഷമായി വർദ്ധിച്ചു[9]. 2030 ആകുമ്പോഴും മസ്തിഷ്കാഘാതം ആളെക്കൊല്ലിരോഗങ്ങളിൽ രണ്ടാംസ്ഥാനത്തുതന്നെ തുടരുമെന്നും എന്നാൽ മൊത്തം മരണങ്ങളിൽ മസ്തിഷ്കാഘാതമരണങ്ങളുടെ ശതമാനം 9.6%ത്തിൽ നിന്ന് 10.6% ആയി വർദ്ധിക്കുമെന്നാണു പ്രവചനം[10]
മസ്തിഷ്കാഘാതത്തിലേക്ക് നയിക്കാവുന്ന അപകടഘടകങ്ങളിൽ ഏറ്റവും പ്രധാനം രക്താതിസമ്മർദ്ദവും ഉയർന്ന രക്തക്കൊഴുപ്പും അമിതവണ്ണവും വ്യായാമരഹിതമായ ജീവിതശൈലിയും ആണ്. മസ്തിഷ്കാഘാതത്തിന്റെ മറ്റ് അപകടഘടകങ്ങൾ ഹൃദയാഘാതം (Myocardial Infarction), ഏട്രിയൽ ഫിബ്രിലേഷൻ (Atrial fibrillation), പ്രമേഹം, കരോട്ടിഡ് ധമനിച്ചുരുക്കം (Carotid artery stenosis) എന്നിവയാണ്[3]. ഭക്ഷണത്തിൽ ഫലമൂലാദികളുടെ അളവ് വളരെ താഴ്ന്നിരിക്കുക, ഹൃദയവാൽവുകൾ സംബന്ധിച്ച രോഗങ്ങൾ, മസ്തിഷ്കധമനിവീക്കം (അന്യൂറിസം) പോലുള്ള രക്തക്കുഴൽ ഘടനാവൈകല്യങ്ങൾ, രക്തം കട്ടപിടിക്കാനുള്ള അമിതപ്രവണത തുടങ്ങിയവയും മസ്തിഷ്കാഘാതത്തിനു കാരണമാകാറുണ്ട് [11].
മസ്തിഷ്കാഘാതം പൊതുവേ പ്രായമായവരിലെ രോഗമായാണു പരിഗണിക്കപ്പെടാറ്. വർദ്ധിച്ചുവരുന്ന നഗരവത്കരണവും ഉയരുന്ന ആയുർദൈർഘ്യവും മസ്തിഷ്കാഘാത തോതിനെ ബാധിക്കുന്നുണ്ട്[12]. മസ്തിഷ്കാഘാതമരണങ്ങളിൽ 60%വും 70 വയസിനുമേൽ പ്രായമുള്ളവരിലാണു സംഭവിക്കുന്നത്[8][13][14].ലോകമാകെയുള്ള സ്ഥിതിവിവരക്കണക്കുകളിൽ മസ്തിഷ്കാഘാതങ്ങളുടെ 80%വും ഇസ്കീമികാഘാതമാണ്. 10-15% വരെ മസ്തിഷ്കാന്തര രക്തസ്രാവവും 5% അവാരാക്‌‌നോയിഡ് രക്തസ്രാവവും മൂലം സംഭവിക്കുന്ന ആഘാതമാണ്. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ മസ്തിഷ്കാന്തര രക്തസ്രാവം 20-30%ത്തോളം ഉയർന്നതാണെന്നും കണക്കുകളുണ്ട്[13].
വർഷന്തോറും 1.6 കോടി ആളുകൾക്ക് പുതുതായി മസ്തിഷ്കാഘാതം സംഭവിക്കുന്നുവെന്നാണു കണക്ക്. 6.2 കോടി ആളുകൾക്ക് നിലവിൽ തന്നെ ഒരു മസ്തിഷ്കാഘാതം സംഭവിച്ചിട്ടുമുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലാണു ഈ രോഗികളിൽ മൂന്നിൽ രണ്ട് ഭാഗവും[15][16].വ്യക്തിജീവിതത്തെ സമഗ്രമായി ബാധിക്കുന്ന രോഗമാണിത്. ശരീരത്തിനുണ്ടാകുന്ന ബലക്ഷയം മൂലം രോഗികൾ പൂർണമായോ ഭാഗികമായോ മറ്റുള്ളവരെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. സ്ഥായിയോ താൽക്കാലികമോ ആയ വൈകല്യം‌‌ മൂലം ഉല്പാദനക്ഷമമായ വർഷങ്ങൾ രോഗിയുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുന്നു. സമയത്തുള്ള ചികിത്സയോ ശരിയായ പുനരധിവാസമോ ലഭിക്കാത്തതുമൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വികസ്വരരാജ്യങ്ങളിലെ രോഗികൾക്ക് വൈകല്യംമൂലം‌‌ നഷ്ടപ്പെടുന്ന ജീവിതവർഷങ്ങൾ വികസിതരാജ്യങ്ങളിലെ രോഗികളുടേതിന്റെ 7 ഇരട്ടിയോളം വരും[15].
മസ്തിഷ്കാഘാതങ്ങളുടെ ചികിത്സ രോഗകാരണത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.ഇതിനായി മസ്തിഷ്കത്തിന്റെ സിടി സ്കാനോ എംആർഐ സ്കാനോ ആവശ്യമാണ്. തലച്ചോറിലെ ധമനികളിൽ കട്ടപിടിക്കുന്ന രക്തത്തെ അലിയിക്കാൻ സമയബന്ധിതമായി രക്ത വിഘടക (antithrombotic) മരുന്നുകളും ചില അവസരങ്ങളിൽ ഫൈബ്രിനോലയക (fibrinolytic) ഔഷധങ്ങളും നൽകുന്നു. രക്തസ്രാവമാണു ആഘാതത്തിനു കാരണമെങ്കിൽ ശസ്ത്രക്രിയവഴി സ്രവിച്ച രക്തത്തെ നീക്കംചെയ്യുന്നത് ഒരു രീതിയാണ്. ചില അവസരങ്ങളിൽ സ്രാവത്തെ സ്വയം അലിഞ്ഞ് പോകാൻ അനുവദിക്കാറുമുണ്ട്. ബോധക്ഷയമോ അപസ്മാരമോ മറ്റ് അടിയന്തര പ്രശ്നങ്ങളോ ഉണ്ടെങ്കിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കൃത്രിമശ്വാസോച്ഛ്വാസം നൽകുന്നതും അസാധാരണമല്ല. മസ്തിഷ്കാഘാതത്താൽ തൊണ്ടയിലെ പേശികൾക്ക് ബലക്ഷയമോ സംസാരശേഷിക്കുറവോ ഉണ്ടായവർക്ക് ബലം തിരികെ കിട്ടുന്നതു വരെ ആമാശയത്തിലേക്ക് കൃത്രിമ കുഴലിലൂടെ ആഹാരം നല്കേണ്ടി വരാറുണ്ട്. രക്താതിസമ്മർദ്ദം നിയന്ത്രിക്കാനും രക്തക്കൊഴുപ്പ് കുറക്കാനും പ്രമേഹം നിയന്ത്രിക്കാനുമുള്ള മരുന്നുകൾ അനുസാരികളായി നൽകുന്നു. തുടർന്നും രക്തം കട്ടപിടിക്കുന്നതിന്റെ സാധ്യത കുറയ്ക്കാൻ പ്ലേറ്റ്‌‌ലെറ്റ് വിഘടക മരുന്നുകളോ വാർഫാറിൻ (കൂമഡിൻ) പോലുള്ള അപസ്കന്ദകങ്ങളോ നൽകാറുണ്ട്. മസ്തിഷ്കത്തിലേക്ക് രക്തമെത്തിക്കുന്ന മുഖ്യധമനിയായ കരോട്ടിഡ് ധമനിക്കുള്ളിലെ (ഗ്രീവാധമനി) പ്രതിബന്ധം നീക്കം ചെയ്യുന്നതിനു കരോട്ടിഡ് എൻഡാർട്ടറക്റ്റമി എന്ന ശസ്ത്രക്രിയയും ആവശ്യമായി വരാം. മസ്തിഷ്കാഘാതം മൂലം ഉണ്ടാകുന്ന നാഡീക്ഷയം പൂർവസ്ഥിതിയിലാകുന്നതുവരെ രോഗിക്ക് ശാരീരികവും മാനസികവുമായ പിന്തുണയും സഹായവും ആവശ്യമാണു. സ്വാശ്രയത്വം തിരിച്ചുകിട്ടാനുള്ള വ്യായാമങ്ങളും പേശീബലം വർദ്ധിക്കാനുള്ള ഫിസിയോതെറാപ്പിയും പുനരധിവാസത്തിന്റെ ഭാഗമാണു്[3][17].
രക്തമർദ്ദം, കൊഴുപ്പ്, ഹൃദ്രോഗം എന്നിവ നിയന്ത്രിച്ചു നിർത്തൽ, സ്ഥിരമായ വ്യായാമം, പുകവലിയൊഴിവാക്കൽ എന്നിവയിലൂടെ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നൽകുകയാണെങ്കിൽ നാഡീക്ഷയത്തിന്റെയും പക്ഷാഘാതത്തിന്റെയും ആക്കം കുറയ്ക്കാനാവും[1].

Tuesday 29 May 2012

രക്താർബുദം

രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന തരം അർബുദങ്ങളെയാണ് രക്താർബുദം എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അസാ ധാരണവും അനിയന്ത്രിതവുമായ വർദ്ധനയാ ണ് രക്താർബുദം എന്നു ചുരുക്കത്തിൽ പറയാം. മനുഷ്യശരീരത്തിൽ ശരാശരി അഞ്ചു ലിറ്റർ രക്തമാണുള്ളത്. ഇതിൽ പ്രധാന അംശം പ്ലാസ്മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴു ശതമാനം പ്രോട്ടീനുകൾ അലിഞ്ഞു ചേർന്നതാണ് പ്ലാസ്മ. പ്ലാസ്മയ്ക്കു പുറമെ ഹെമോഗ്ലോബിൻ, പലവിധത്തിലുള്ള രക്താണുക്കൾ (കോശങ്ങൾ), ലവണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ ഒരുപാടു ഘടകങ്ങളടങ്ങിയ ഒരു മിശ്രിതദ്രാവകമാണ് രക്തം. ഇതിലെ ഓരോഘടകത്തിനും സുപ്രധാനമായ പലകർത്തവ്യങ്ങളുമുണ്ട്. ഏറ്റ വും പ്രാധാന്യമുള്ള ഘടകം രക്താണുക്കളാണ്. രക്താണുക്കളെ ചുവന്ന രക്താണുക്കൾ , ശ്വേതരക്താണുക്കൾ , പ്ലേറ്റ്‌ലറ്റുകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരകോശങ്ങൾക്കാവശ്യമായ പോഷകങ്ങളും ഓക്‌സിജനും മറ്റും എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. അതോടൊപ്പം മാലിന്യങ്ങൾ മാറ്റാനും സഹായിക്കുന്നു. ശരീരത്തെ രോഗാണുബാധയിൽനിന്നും രക്ഷിക്കുകയും രോഗപ്രതിരോധശക്തി നൽകുകയുമാണ് ശ്വേതരക്താണുക്കളുടെ കർത്തവ്യം. സാധാരണയായി 400011,000 ശ്വേതരക്താണുക്കൾ ഒരു മില്ലിലിറ്റർ രക്തത്തിലുണ്ട്.
ശ്വേതാണുക്കളെ അഞ്ചായി തിരിച്ചിട്ടുണ്ട്: ന്യൂട്രോഫിൽ , ലിംഫോസൈറ്റ് , ഇയോസിനോഫിൽ , മോണോസൈറ്റ് , ബേസോഫിൽ . ഇതിൽ ഏതുതരം കോശത്തേയും രക്താർബുദം ബാധിക്കാം. രക്തസ്രാവം ഉണ്ടാകാ തെ തടയുകയാണ് പ്ലേറ്റ്‌ലെറ്റുകളുടെ കർത്തവ്യം. ശ്വേതാണുക്കൾ പ്രധാനമായും എല്ലുകളി ലെ മജ്ജയിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ ലിംഫോസൈറ്റുകളുടെ ഉൽപാദനപ്രക്രിയയിൽ മജ്ജയെകൂടാതെ ലിംഫ്ഗ്രന്ഥികളും തൈമസും, പ്ലീഹയും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.
സാധാരണയായി ശ്വേതാണുക്കൾ വളർച്ച പൂർത്തിയായ ശേഷമേ രക്തത്തിലേക്കു കടന്നുവരുകയുള്ളൂ. ഓരോ തരത്തിലുള്ള രക്താണുവിന്റെയും ആയുസ്സ് വ്യ ത്യസ്തമായിരിക്കും. നശിച്ചുകൊണ്ടിരിക്കുന്ന രക്താണുക്കൾക്ക് പകരമായി പുതിയ കോശങ്ങൾ നിർമിക്കപ്പെടുന്നു. അങ്ങനെ ഈ അണുക്കളുടെ എണ്ണം ഒരു പ്രത്യേക പരിധിയിൽ നിലനിന്നുപോരുന്നു. രോഗാണുബാധയിലും അലർ ജിയിലും മറ്റും ശ്വേതാണുക്കളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വ്യതിയാനങ്ങൾ താൽക്കാലികമാണ്.
എന്നാൽ മാതൃകോശത്തിലോ തായ്‌കോശത്തിലോ വരുന്ന തകരാറുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ശ്വേതാണുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നു. അസാധാരണ കോശങ്ങൾ രക്തത്തിൽ കടക്കുകയും ചെയ്യുന്നു. ഇത്തരം ശ്വേതാണുക്കൾക്ക് തങ്ങളുടെ കടമകൾ നിർവഹിക്കാനാവാതെ വരുകയും രോഗിക്ക് പലവിധത്തിലുള്ള അണുബാധയുണ്ടാകുകയും ചെ യ്യുന്നു. തലച്ചോറിന്റെ ആവരണമുൾപ്പെടെ ശരീരത്തിന്റെ ഏതു ഭാഗത്തും രക്താർബുദകോശങ്ങൾ അടിയുന്നതിനുള്ള സാധ്യതയുണ്ട്. അങ്ങനെ പല അവയവങ്ങളുടെയും പ്രവർത്തനം അവതാളത്തിലാകാം. രോഗത്തിന്റെ ഒരുപ്ര ത്യേക ഘട്ടത്തിൽ മജ്ജയിലെ മറ്റു രക്താണുക്കളുടെ ഉൽപാദനത്തേയും പ്രവർത്തനത്തേയും ബാധിക്കുകയും ചെയ്യാം.

വിവിധ തരം രക്താർബുദങ്ങൾ

ലുക്കീമിയ

  • അക്ക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ
  • അക്ക്യൂട്ട് മൈലോജീനസ് ലുക്കീമിയ
  • ക്രോണിക് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ
  • ക്രോണിക് മൈലോജീനസ് ലുക്കീമിയ
  • ഹെയറി സെൽ ലുക്കീമിയ

ലിംഫോമ

പ്രധാന ലേഖനം: ലിംഫോമ
  • ഹോട്കിൻസ് ലിംഫോമ (നാലു തരം)
  • നോൺ ഹോട്കിൻസ് ലിംഫോമ (പല തരം)

മൾട്ടിപ്പിൾ മൈലോമ